ലക്ഷ്യം

ഓപ്പറേഷന്‍ തൂഫാന്‍ 2.0

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാന്‍ 2.0. 

രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം കേവലം ഒരു പോലീസ് കേന്ദ്രീകൃത നടപടി എന്നതിലുപരി ഒരു സമഗ്ര 'ജനകീയ മുന്നേറ്റം' ആയാണ് വിഭാവനം ചെയ്യുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിത ഇടപെടലിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വാർഡുകളിലേക്കും വീടുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.

പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ
01. ലഹരിയുടെ ആവശ്യം കുറയ്ക്കൽ
  • ശക്തമായ ജനകീയ ഇടപെടലുകളിലൂടെ ലഹരിയോടുള്ള സാമൂഹിക താൽപര്യം കുറച്ചുകൊണ്ടുവരിക.
  • ജനകീയ ബോധവൽക്കരണത്തിലൂടെ ലഹരിയോടുള്ള ആകർഷണം കുറയ്ക്കുക.
  • കുടുംബതലത്തിലുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുക.
  • യുവജന പങ്കാളിത്തം, ആരോഗ്യ-വിദ്യാഭ്യാസ ഇടപെടലുകൾ എന്നിവയിലൂടെ ലഹരി ഉപയോഗസാധ്യത കുറയ്ക്കുക.
02. വാർഡ് തല ജാഗ്രതാ സംവിധാനം
  • സംസ്ഥാനത്തെ 20,999 വാർഡുകളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളാക്കി മാറ്റുക.
  • പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ വാർഡ് കേന്ദ്രീകൃത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
  • വാർഡ് തലത്തിൽ ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
03. സമഗ്ര പുനരധിവാസം
  • ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ ആവശ്യമായ പിന്തുണ നൽകുക.
  • കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ ലഭ്യമാക്കുക.
  • മാനസിക പിന്തുണയും കുടുംബപിന്തുണയും ഉറപ്പാക്കുക.
  • സാമൂഹിക പുനഃസംയോജനത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക.
04. രഹസ്യ വിവരശേഖരണം
  • ലഹരി വിൽപ്പന, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക.
  • ലഹരി വിതരണ കേന്ദ്രങ്ങളും പ്രാദേശിക ഹോട്ട്‌സ്‌പോട്ടുകളും സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുക.
  • പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യാത്മകമായും പോലീസിനെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
05. യുവജന-വിദ്യാർത്ഥി പങ്കാളിത്തം
  • യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഊർജവും കഴിവുകളും ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുക.
  • കായികം, കല, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുക.
  • സാമൂഹിക സേവന പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പങ്കെടുപ്പിക്കുക.
  • ലഹരിയിൽ നിന്ന് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക.
അടിസ്ഥാനതല നിർവഹണം-വാർഡുതല ജനജാഗ്രതാ സമിതികൾ
ഓപ്പറേഷൻ തൂഫാൻ – രണ്ടാം ഘട്ടം 
ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം